ജില്ലയുടെ പേര് മാറ്റി ആന്ധ്രപ്രദേശിലെ അമലാപുരത്ത് സംഘർഷം
Wednesday, May 25, 2022 2:18 AM IST
അമരാവതി: ആന്ധ്രപ്രദേശിൽ പുതുതായി രൂപവത്കരിച്ച കൊനസീമ ജില്ലയുടെ പേര് ബി. ആർ. അംബേദ്കർ കൊനസീമ ജില്ല എന്നു മാറ്റിയതിൽ പ്രതിഷേധിച്ച് അമലാപുരം പട്ടണത്തിൽ തീവയ്പും സംഘർഷവും.
പ്രതിഷേധക്കാർ ഗതാഗതമന്ത്രി പി. വിശ്വരൂപിന്റെയും വൈഎസ്ആർ കോൺഗ്രസ് എംഎൽഎ പി. സതീഷിന്റെ വീടുകൾ കത്തിച്ചു. മന്ത്രിയുടെ ഓഫീസും പ്രതിഷേധക്കാർ ആക്രമിച്ചു. മുമ്മിഡിവാരം എംഎൽഎയാണു സതീഷ്.
കുപ്പികളിൽ പെട്രോളുമായെത്തിയ ജനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് സതീഷ് എംഎൽഎ പറഞ്ഞു.പോലീസിന്റെ വിദ്യാഭ്യാസ വകുപ്പിന്റെയും വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു.
കല്ലേറിൽ ഇരുപതിലേറെ പോലീസുകാർക്കു പരിക്കേറ്റു.ഏപ്രിൽ നാലിനാണ് ഈസ്റ്റ് ഗോദാവരി ജില്ല വിഭജിച്ച് കൊനസീമ എന്ന പേരിൽ പുതിയ ജില്ല രൂപവത്കരിച്ചത്. ജില്ലയുടെ പേര് കൊനസീമ എന്നായി നിലനിർത്തണമെന്ന് കൊനസീമ സാധന സമിതി ആവശ്യപ്പെട്ടു.