യെദിയൂരപ്പയുടെ കൊച്ചുമകൾ തൂങ്ങിമരിച്ച നിലയിൽ
Saturday, January 29, 2022 12:40 AM IST
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ കൊച്ചുമകളെ ബംഗളൂരുവിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
യെദിയൂരപ്പയുടെ മൂത്ത മകൾ പത്മാവതിയുടെ മകളും ബംഗളൂരു എം.എസ്.രാമയ്യ ആശുപത്രിയിലെ ഡോക്ടറുമായ സൗന്ദര്യ(30)യാണു മരിച്ചത്. ഭർത്താവ് ഡോ. നീരജ് ഇതേ ആശുപത്രിയിൽ റേഡിയോളജിസ്റ്റാണ്.
ഇന്നലെ രാവിലെ 10.30 ഓടെ വസന്ത് നഗറിലെ മൗണ്ട് കാർമൽ കോളജിനടുത്തുള്ള ഫ്ലാറ്റിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടിനാണു ഭർത്താവ് ആശുപത്രിയിലേക്കു പോയത്. അതിനുശേഷം സംഭവം നടന്നതെന്നാണ് അനുമാനം. ആറു മാസം പ്രായമുള്ള ആൺകുഞ്ഞിനെ മറ്റൊരു മുറിയിലാക്കിയശേഷമാണു സൗന്ദര്യ ഫാനിൽ തൂങ്ങി മരിച്ചത്.
2018ൽ വിവാഹിതരായ ദന്പതികൾ രണ്ടര വർഷമായി വസന്ത് നഗറിലെ അപ്പാർട്ട്മെന്റിലാണു താമസം. സംഭവത്തിൽ ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു. പ്രസവത്തെത്തുടർന്ന് സൗന്ദര്യയ്ക്ക് മാനസികപിരിമുറുക്കം അനുഭവപ്പെട്ടിരുന്നതായി കർണാടക ആഭ്യന്തരമന്ത്രി അരാഗ ജ്ഞാനേന്ദ്ര അറിയിച്ചു.