ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: സിബിഐയുടെ അപ്പീൽ മാറ്റി
Saturday, January 29, 2022 12:31 AM IST
ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ അപ്പീൽ പരിഗണിക്കുന്നതു മാറ്റി.
കേസ് കഴിഞ്ഞ മൂന്നാംതീയതി പരിഗണിച്ചപ്പോൾ ഇന്നലത്തേക്കു മാറ്റണമന്ന് സിബിഐ തന്നെയാണ് ആവശ്യപ്പെട്ടത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ചു കിടപ്പിലാണെന്നാണ് സിബിഐ വ്യക്തമാക്കിയത്. ഹർജി ഫെബ്രുവരി 25ന് വീണ്ടും പരിഗണിക്കും.
ശാസ്ത്രജ്ഞൻ നന്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ്. വിജയൻ, തന്പി.എസ് ദുർഗാദത്ത്, മുൻ ഐബി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.