മത്സരിക്കുന്നത് ജനങ്ങൾക്കു വേണ്ടി: കർഷക നേതാവ്
Sunday, January 23, 2022 1:28 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പഞ്ചാബിലെ ജനങ്ങൾക്കു വേണ്ടിയെന്ന് സംയുക്ത സമാജ് മോർച്ച നേതാവ് ബൽബീർ സിംഗ് രജേവാൾ. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന മാലിന്യത്തെ നീക്കം ചെയ്തു സംശുദ്ധമായ രാഷ്ട്രീയം കാഴ്ചവയ്ക്കുന്നതിനാണ് ജനങ്ങൾ കർഷക സംഘടനയോട് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി കർഷക സംഘടനകൾ സഖ്യം ചേരുമെന്നുള്ള സൂചനകൾ രജേവാൾ നിരസിച്ചു.
പഞ്ചാബിന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിന്റെ യുവതലമുറ പ്രതീക്ഷകൾ നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളിലേക്കു ചേക്കേറുന്നു. സാധാരണ ജനങ്ങൾക്ക് വേണ്ടി 117 നിയമസഭ മണ്ഡലങ്ങളിലും സംയുക്ത സമാജ് മോർച്ച മത്സരിക്കും. ആം ആദ്മി പാർട്ടി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവന്ത് മന്നിനെ തെരഞ്ഞെടുത്തതിനെയും രജേവാൾ ചോദ്യം ചെയ്തു.