സംവരണം യോഗ്യതയ്ക്കു തടസമല്ല; മെഡിക്കൽ പ്രവേശനത്തിന് 27% ഒബിസി സംവരണം ശരിവച്ചു
Friday, January 21, 2022 1:12 AM IST
ന്യൂഡൽഹി: സംവരണവും മെറിറ്റും പരസ്പരം മത്സരിക്കുന്ന ഘടകങ്ങൾ അല്ലെന്നു സുപ്രീംകോടതി. ഇന്ത്യയിലെ സാമൂഹികഘടനയിൽ തുല്യത അർഥവത്താകണമെങ്കിൽ സംവരണം വഴി പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിയേ തീരൂ എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തിന് പ്രതിബന്ധമല്ല. മത്സരപരീക്ഷകളിലെ മാർക്ക് അനുസരിച്ചു യോഗ്യത തീരുമാനിക്കുന്ന സംവിധാനംതന്നെ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും 106 പേജുള്ള വിധിയിൽ കോടതി വ്യക്തമാക്കി.
മെഡിക്കൽ (യുജി, പിജി) പ്രവേശനത്തിന് 27% ഒബിസി സംവരണം ഏർപ്പെടുത്തിയത് ശരി വച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നീറ്റ് പിജി കൗണ്‍സലിംഗിന് അനുമതി നൽകിയ ജനുവരി ഏഴിനും കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് 27% ഒബിസി സംവരണം നൽകിയതിന്റെ ഭരണഘടനാ സാധുത വ്യക്തമാക്കി ഇന്നലെ ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിശദമായ ഉത്തരവിറക്കുകയായിരുന്നു.
സെബി മാത്യു