റബറിന് 250 രൂപ താങ്ങുവില നൽകണം: തോമസ് ചാഴികാടൻ
Monday, November 29, 2021 1:30 AM IST
ന്യൂഡൽഹി: റബറിന് മിനിമം താങ്ങുവില നൽകുന്നതിനും വന്യജീവികളുടെ ആക്രമണത്തിൽ നിന്നു കർഷകരെ രക്ഷിക്കുന്നത്തിനും നിയമം വേണമെന്ന് തോമസ് ചാഴികാടൻ എംപി. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. എല്ലാ കാർഷിക വിളകൾക്കും ഡോ. എം.എസ്. സ്വാമിനാഥൻ കമ്മീഷന്റെ ശിപാർശ പ്രകാരമുള്ള താങ്ങുവില നിശ്ചയിക്കണം.
റബറിന് ചുരുങ്ങിയത് 250 രൂപയെങ്കിലും താങ്ങുവില നൽകിയെങ്കിൽ മാത്രമേ കർഷകർക്കു ലാഭകരമായി കൃഷി നടത്താൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ഈ വർഷം അന്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.
വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തതിനാൽ വന്യമൃഗങ്ങൾ കർഷകർക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുന്നു. ഇതിനു പരിഹാരം ഉണ്ടാക്കുവാൻ കഴിയുന്നവിധത്തിൽ കേന്ദ്ര വനം-വന്യജീവി നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്നും തോമസ് ചാഴികാടൻ ആവശ്യപ്പെട്ടു.