കർഷക സമരവേദിക്കടുത്ത് കൈകാലുകൾ ഛേദിച്ച് യുവാവ് കൊല്ലപ്പെട്ട നിലയിൽ
Saturday, October 16, 2021 1:09 AM IST
ന്യൂഡൽഹി: കർഷകസമരം നടക്കുന്നതിനരികെ ഹരിയാനയിലെ സോനിപ്പത്തിലെ കുണ്ഡ്ലിയിൽ യുവാവിന്റെ കൈ കാലുകൾ ഛേദിച്ചു കൊലപ്പെടുത്തിയ നിലയിൽ. കൈപ്പത്തിയും കാലും വെട്ടിയെടുത്ത് പോലീസ് ബാരിക്കേഡിൽ കെട്ടിവച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പഞ്ചാബിലെ തൻതരണ് ജില്ലയിലെ ചീമ ഖുർദ് ഗ്രാമത്തിൽനിന്നുള്ള ലഖ്ബീർ സിംഗ് ആണു കൊല്ലപ്പെട്ടത്.
സിക്ക് സമുദായത്തിലെ സായുധ വിഭാഗമായ നിഹാംഗുകളാണ് കൊലയ്ക്കു പിന്നിലെന്നാണു പ്രാഥമിക വിവരം.
സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
കൊലപാതകത്തെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. കൊല്ലപ്പെട്ട ലഖ്ബീർ സിംഗിനോ കൊലയ്ക്ക് ഉത്തരവാദികളായവർക്കോ കർഷകസമരവുമായി ഒരു ബന്ധവുമില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.