പാൽ ഉത്പാദനം വർധിപ്പിക്കാൻ കന്നുകാലി ചോക്ലേറ്റ്
Saturday, October 16, 2021 1:09 AM IST
ജബൽപുർ: കാലിത്തീറ്റയ്ക്കു പകരമായി കന്നുകാലികളിൽ പാൽ ഉത്പാദനം വർധിപ്പിക്കുന്ന ചോക്ലേറ്റ് മധ്യപ്രദേശ് വാഴ്സിറ്റി കണ്ടെത്തി. രണ്ടു മാസത്തെ ഗവേഷണത്തിനുശേഷം ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റി ആണ് വിറ്റാമിൻ-ധാതുസന്പുഷ്ടമായ കന്നുകാലി ചോക്ലേറ്റ് കണ്ടെത്തിത്.
കാലിത്തീറ്റയ്ക്കും പച്ചപ്പുല്ലിനും പകരമായി ചോക്ലേറ്റ് ഉപയോഗിക്കാമെന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. എസ്.പി. തിവാരി പറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ചോക്ലേറ്റ് വിപണയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട്അപ് യൂണിറ്റുകൾ തുടങ്ങുന്ന വെറ്ററിനറി ബിരുദധാരികൾക്കു ചോക്ലേറ്റ് സാങ്കേതികവിദ്യ കൈമാറുമെന്നും തിവാരി പറഞ്ഞു.
കടുക്, തവിട്, നെല്ല് തുടങ്ങി പശുവിനു പരന്പരാഗതമായി നൽകുന്നവയിൽനിന്നാണു ചോക്ലേറ്റ് ഉണ്ടാക്കുന്നത്. 500 ഗ്രാം തൂക്കം വരുന്ന ഒരു ചോക്ലേറ്റ് കട്ടയ്ക്ക് 25 രൂപയാണു വില.