ലക്ബീറിന്റെ കൊലപാതകം സിക്ക് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട്
Saturday, October 16, 2021 1:09 AM IST
ന്യൂഡൽഹി: ഹരിയാനയിലെ സോനിപ്പത്തിലെ കുണ്ഡ്ലിയിൽ ലക്ബീർ സിംഗിന്റെ കൊലപാതകം സിക്ക് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിനെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണെന്നു സംശയം.
കുറച്ചു ദിവസമായി കർഷകസമരം നടക്കുന്ന സിംഗു അതിർത്തിയിൽ ഒരു വിഭാഗത്തോടൊപ്പം ലക്ബീർ സിംഗ് ഉണ്ടായിരുന്നു എന്നു സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
സിക്ക് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് തലേ രാത്രി വാക്കേറ്റമുണ്ടായി. ഒരുപക്ഷേ, ഇതാകാം കൊലപാതകത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപി നേതാവ് അമിത് മാളവ്യ കൊലപാതകത്തിൽ കർഷക നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. നിഹാംഗുകൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയത്.