മഹാത്മാഗാന്ധി രാഷ്ട്രപിതാവ് അല്ലെന്നു സവർക്കറുടെ ചെറുമകൻ
Thursday, October 14, 2021 1:34 AM IST
മുംബൈ: മഹാത്മാഗാന്ധി രാഷ്ട്രപിതാവ് അല്ലെന്ന വിവാദപ്രസ്താവനയുമായി വീർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. അയ്യായിരം വർഷത്തിലേറെ ചരിത്രമുള്ള രാജ്യത്തിന്റെ രൂപവത്കരണത്തിന് ആയിരക്കണക്കിനു പേർ സംഭാവന നല്കിയിട്ടുണ്ടെന്നും മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെന്നു കരുതുന്നില്ലെന്നും രഞ്ജിത് പറഞ്ഞു.
എല്ലാ രാഷ്ട്രീയതടവുകാർക്കും പൊതുമാപ്പു നല്കണമെന്നാണ് എന്റെ മുത്തച്ഛൻ ആവശ്യപ്പെട്ടത്. ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചിരുന്നെങ്കിൽ അദ്ദേഹത്തിനു ചില പദവികൾ ലഭിക്കുമായിരുന്നു-രഞ്ജിത് പറഞ്ഞു. വീർ സവർക്കറെ രാഷ്ട്രപിതാവെന്ന് വിളിക്കണമെന്ന് ആരും ആവശ്യപ്പെടില്ലെന്നും ഇക്കാര്യം അദ്ദേഹത്തിനു സ്വീകാര്യമായിരുന്നില്ലെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.