ഡ്രോണിൽ വെടിക്കോപ്പുകൾ: ലഷ്കർ ഭീകരൻ അറസ്റ്റിൽ
Wednesday, October 13, 2021 12:46 AM IST
ജമ്മു: പാക്കിസ്ഥാനിൽനിന്ന് ഡ്രോണിൽ വെടിക്കോപ്പുകൾ അന്താരാഷ്ട്ര അതിർത്തിക്കു സമീപം നിക്ഷേപിച്ച കേസിൽ ലഷ്കർ ഭീകരൻ പിടിയിൽ.
തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് സ്വദേശി ഇർഫാൻ അഹമ്മദ് ഭട്ടിനെയാണ് ജമ്മു പോലീസ് അറസ്റ്റ് ചെയ്തത്. വെടിക്കോപ്പുകൾ പോലീസ് കൊണ്ടുപോയതറിയാതെ ഇതു ശേഖരിക്കാൻ ജമ്മുവിലെത്തിയതായിരുന്നു ഇർഫാൻ.
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് ആറു കിലോമീറ്റർ അകലെ സൗൻജന ഗ്രാമത്തിൽ ഒക്ടോബർ രണ്ടിനാണ് വെടിക്കോപ്പുകൾ നിക്ഷേപിച്ചതെന്ന് ജമ്മു എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. എകെ 47 തോക്ക്, മുപ്പതു തിരകൾ എന്നിവയാണ് ബോക്സിലുണ്ടായിരുന്നത്.
പാക്കിസ്ഥാനിൽനിന്ന് എത്തുന്ന ആയുധങ്ങൾ ലഷ്കർ ഭീകരർക്ക് എത്തിച്ചിരുന്നതു താനാണെന്ന് ഇർഫാൻ മൊഴി നല്കിയിരുന്നു. ഒരു വർഷത്തിനിടെ ഇത്തരത്തിൽ അതിർത്തികടന്നെത്തിയ രണ്ടു ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു.
വലിയതോതിലുള്ള തോക്കുകൾ, വെടിക്കോപ്പുകൾ എന്നിവയാണ് ബോക്സിലുണ്ടാവുക. ജമ്മുവിലെ വ്യോമതാവളത്തിലെ കെട്ടിടത്തിൽ ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നു.