പി.ആർ. കൃഷ്ണകുമാറിന് ആദരം, സമർപ്പണം 2021 സമാപിച്ചു
Saturday, September 25, 2021 11:15 PM IST
കോയമ്പത്തൂർ: ആയുർവേദ സമൂഹത്തിനു മുഴുവൻ മാർഗദർശിയായിരുന്ന അന്തരിച്ച പദ്മശ്രീ പി.ആർ. കൃഷ്ണകുമാറിന്റെ ആജീവനാന്ത ആയുർവേദ പ്രവർത്തനങ്ങൾക്കുള്ള ആദരവായി കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി അദ്ദേഹത്തിന്റെ ദേഹവിയോഗദിനമായ സെപ്റ്റംബർ 16 മുതൽ ജന്മദിനമായ സെപ്റ്റംബർ 23 വരെ ഏഴുദിവത്തെ അനുസ്മരണ പരിപാടി ‘സമർപ്പണം 2021’ആചരിച്ചു.
70-ാം ജന്മവാർഷിക ആചരണത്തിന്റെയും ‘സമർപ്പണം 2021’ സമാപന സമ്മേളനത്തിന്റെയും ആയുർവേദത്തിന് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കാൻ കൃഷ്ണകുമാർ അനുഷ്ഠിച്ച ത്യാഗസുരഭില ജീവിതത്തെക്കുറിച്ചുള്ള ‘ഓണസ് റീഡിഫൈനിംഗ് ദി ബ്ലാക് മാജിക്’ എന്ന ഡോക്യുമെന്ററിയുടെ ആദ്യാവതരണത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി. മാധവൻകുട്ടി വാര്യർ മുഖ്യാതിഥിയായിരുന്നു. ആര്യവൈദ്യ ഫാർമസി എംഡി ദേവിദാസ് വാര്യർ ആമുഖപ്രഭാഷണം നടത്തി. അവിനാശിലിംഗം സർവകലാശാല വൈസ് ചാൻസലർ ഡോ. എസ്.പി. ത്യാഗരാജൻ, ഡോ. കെ.ജി.രവീന്ദ്രൻ, രാവുണ്ണിപ്പണിക്കർ, ഡോ. രാമനാഥൻ, ഡോ. സജികുമാർ എന്നിവരും ആയുർവേദ ലോകത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.