ആസാം വെടിവയ്പിൽ മരണം മൂന്നായി
Saturday, September 25, 2021 1:08 AM IST
ഗോഹട്ടി: ആസാമിലെ ദരാംഗ് ജില്ലയിൽ ഒഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ചവർക്കുനേരെ പോലീസ് നടത്തിയ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആസാം മൈനോരിറ്റീസ് സ്റ്റുഡന്റ്സ് യൂണിയൻ ഇന്നലെ ദരാംഗ് ജില്ലയിൽ 12 മണിക്കൂർ ബന്ദാചരിച്ചു.
പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുംവരെ സിപാജറിലെ ഒഴിപ്പിക്കൽ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇന്നലെ ആസാം ഗവർണർ ജഗദീഷ് മുഖിയെ സന്ദർശിച്ചു. ഡെപ്യൂട്ടി കമ്മീഷണർ പ്രഭാതി താവോസെന്നിനെയും എസ്പി സുശാന്ത ബിശ്വ ശർമയെയും സസ്പെൻഡ് ചെയ്യണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഇളയ സഹോദരനാണ് സുശാന്ത.
വെടിവയ്പിനെക്കുറിച്ച് ജുഡീഷൽ അന്വേഷണത്തിന് ആസാം സർക്കാർ ഉത്തരവിട്ടു. ഗോഹട്ടി ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജിയാണ് അന്വേഷണം നടത്തുക.