ഒറ്റദിനം ചാമ്പലായത് 2,479 കാണ്ടാമൃഗ കൊന്പുകൾ
Thursday, September 23, 2021 12:31 AM IST
ഗോഹട്ടി: ആസാമിൽ ഒറ്റദിനം ചുട്ടെരിച്ചത് 2,479 കാണ്ടാമൃഗ കൊന്പുകൾ. ലോകത്തെതന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. കണ്ടാമൃഗവേട്ട തടയുന്നതിനും കാണ്ടാമൃഗത്തിന്റെ കൊന്പുകൾക്കു രോഗം ശമിപ്പിക്കുന്നതിനുള്ള ശക്തിയുണ്ടെന്ന വിശ്വാസം ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണു സർക്കാർ കടുത്ത നടപടിയിലേക്കു കടന്നത്. ലോക കാണ്ടാമൃഗദിനത്തിൽ ബൊക്കഘാട്ടിൽ പരസ്യമായാണു കൊന്പുകൾ കത്തിച്ചത്.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രത്യേക താത്പര്യപ്രകാരമാണു നടപടി. കൊന്പോടുകൂടിയ കാണ്ടാമൃഗങ്ങൾ തങ്ങൾക്കു വിലപ്പെട്ടതാണെന്ന സന്ദേശം ലോകത്തെ അറിയിക്കുന്നതിനു വേണ്ടിയാണു കൊന്പുകൾ ചുട്ടെരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കാണ്ടാമൃഗക്കൊന്പുകൾ നല്ല വിലയ്ക്കു വിറ്റ് സർക്കാരിനു വരുമാനമുണ്ടാക്കാമായിരുന്നില്ലേ എന്നു ചിലർ ചോദിച്ചെന്നും നല്ല വില കിട്ടുമെങ്കിൽ വൃക്കകൾ വിൽക്കാൻ അവർ തയാറാകുമോ എന്നാണു തനിക്കു തിരിച്ചുചോദിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണ്ടാമൃഗക്കൊന്പുകളുടെ രോഗശമന ശക്തി തെളിയിക്കപ്പെട്ടിട്ടില്ലെന്നും വേട്ടയ്ക്കായി പടച്ചുവിടുന്ന തെറ്റിദ്ധാരണകൾ മാത്രമാണ് ഇതെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ കൊന്പുകത്തിക്കൽ കാണാനെത്തി. ആാമിലെ കാസിരംഗ, മനാസ്, ഓരംഗ് ദേശീയ ഉദ്യാനം, പൊബിത്തുറ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി 2,600 കാണ്ടാമൃഗങ്ങളുണ്ടെന്നാണു സർക്കാർ കണക്ക്.