ആസാം മുഖ്യമന്ത്രിക്കെതിരേ കേസ്: പിന്മാറിയെന്നു മിസോറം
Monday, August 2, 2021 12:36 AM IST
ഐസ്വാൾ: അതിർത്തിത്തർക്കവുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പേരിൽ ആസാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമക്കെതിരേ രജിസ്റ്റർചെയ്ത കേസ് പിൻവലിക്കുകയാണെന്നു മിസോറം ചീഫ് സെക്രട്ടറി. പ്രാഥമിക കുറ്റപത്രത്തിൽ ആസാം മുഖ്യമന്ത്രിയുടെ പേര് ഉൾപ്പെടുത്തുന്നതിനു മിസോറാം മുഖ്യമന്ത്രി സോറംതംഗ അനുമതി നൽകിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ആരോപണങ്ങൾ തെളിയിക്കാനാവില്ലെന്നതിനാൽ ആസാം മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കണമെന്നു പോലീസിനു നിർദേശം നൽകിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ആസാം മുഖ്യമന്ത്രിക്കെതിരേ ക്രിമിനൽ കേസ് ഫയൽചെയ്തതിനെക്കുറിച്ച് ആദ്യഘട്ടത്തിൽ അറിവില്ലായിരുന്നു. അതേസമയം, ആസാമിലെ ആറ് ഉദ്യോഗസ്ഥർക്കും 200ഓളം പോലീസുകാർക്കുമെതിരേയുള്ള കേസിന്റെ ഭാവിനടപടികളെക്കുറിച്ച് വിശദീകരിക്കാൻ ചീഫ് സെക്രട്ടറി വിസമ്മതിച്ചു.
കൊലപാതകശ്രമം, ഗൂഢാലോചന, കൈയറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആസാം മുഖ്യമന്ത്രി, നാല് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, മറ്റ് രണ്ട് ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ മിസോറാം പോലീസ് കേസെടുത്തത്.
കഴിഞ്ഞ 26ന് മിസോറമിൽനിന്നുള്ളവരുടെ വെടിയേറ്റ് ആസാമിൽ ആറു പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. കാചാർ ജില്ലയിലായിരുന്നു സംഭവം. ജില്ലാ പോലീസ് സൂപ്രണ്ട് നിംബാൽക്കർ വൈഭവ് ചന്ദ്രകാന്ത് ഉൾപ്പെടെ അന്‍പതിലധികം പോലീസുകാർക്കു വെടിവയ്പിലും കല്ലേറിലും പരിക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മിസോറം കേസെടുത്തത്.