ആസാം-മിസോറം അതിർത്തി പ്രശ്നം: മുഖ്യമന്ത്രിമാരുമായി അമിത് ഷാ ചർച്ച നടത്തി
Monday, August 2, 2021 12:36 AM IST
ഐസ്വാൾ: പതിറ്റാണ്ടുകളായുള്ള ആസാം-മിസോറാം അതിർത്തിസംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ഇടപെട്ടു. ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുമായി ഷാ ഇന്നലെ ടെലിഫോണിൽ ചർച്ച നടത്തി. അർഥവത്തായ ചർച്ചകളിലൂടെ അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു നിർദേശിച്ചതായി അമിത് ഷാ പറഞ്ഞു.
പ്രശ്നപരിഹാരത്തിനുശ്രമിക്കാമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മിസോറം മുഖ്യമന്ത്രി സോറംതംഗയും പറഞ്ഞു. സംഘർഷം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുതെന്നു സോറംതംഗ പറഞ്ഞു. ജൂലൈ 26ന് മിസോറമിന്റെ അതിർത്തി പട്ടണമായ കോലാസിബിൽ നടന്ന വെടിവയ്പിൽ ആസാം സ്വദേശികളായ ആറു പോലീസുകാരുൾപ്പെടെ ഏഴു പേരാണു കൊല്ലപ്പെട്ടത്.
ഇതേത്തുടർന്ന് അഞ്ചു കന്പനി സിആർപിഎഫ് ജവാന്മാരെയാണ് ഇരുസംസ്ഥാനങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.