മൂന്നാം ദിവസവും പാർലമെന്റ് ബഹളത്തിൽ മുങ്ങി
Friday, July 23, 2021 12:40 AM IST
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പെഗാസസ് ഫോണ്‍ ചോർത്തൽ വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. അതിനുപുറമേ കാർഷിക വിഷയത്തിലും കേന്ദ്രസർക്കാരിന്റെ ഓക്സിജൻ മരണ പ്രസ്താവന ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഓക്സജൻ ദൗർലഭ്യം കാരണം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതിപക്ഷം ആഞ്ഞടിച്ചു. രാജ്യസഭയിൽ കോണ്‍ഗ്രസ് എംപി ആരോഗ്യ സഹമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നൽകി.
സിപിഐ എംപി ബിനോയ് വിശ്വവും അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രി സഭയെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിച്ചു എന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം. കാർഷിക വിഷയത്തിൽ കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, ദീപേന്ദർ സിംഗ് ഹൂഡ, പ്രതാപ് സിംഗ് ബാജ്വ എന്നിവരും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ഉച്ചയ്ക്കു മുൻപായി ബഹളത്തിൽ മുങ്ങി രണ്ടു തവണ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. പ്രതിപക്ഷ നിരയിൽ കോണ്‍ഗ്രസിന്റെയും തൃണമൂൽ കോണ്‍ഗ്രസിന്റെയും അംഗങ്ങൾ പ്രതിഷേധത്തിന്റെ പേരിൽ നടത്തുന്ന ബഹളം ജനാധിപത്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണെന്ന് മന്ത്രി മീനാക്ഷി ലേഖി വിമർശിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുന്ന പെരുമാറ്റമാണിതെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി.