ഡൽഹി മെട്രോയിൽ യാത്രക്കാരനായി വാനരനും
Monday, June 21, 2021 12:26 AM IST
ന്യൂഡൽഹി: ലോക്ഡൗണ്‍ ഇളവുകൾക്ക് പിന്നാലെ ഡൽഹി മെട്രോയിൽ കൗതുക യാത്രക്കാരനായി വാനരൻ. കഴിഞ്ഞ ദിവസം യമുന ബാങ്ക് സ്റ്റേഷൻ മുതൽ ഐപി സ്റ്റേഷൻ വരെയുള്ള യാത്രയിലാണ് സീറ്റിൽ ഒരു കുരങ്ങും ഇടംപിടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
എവിടെനിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനിൽ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അൽപനേരം കറങ്ങിനടന്ന കുരങ്ങ് ഐപി സ്റ്റേഷൻ എത്തുന്നതുവരെ സീറ്റിൽ ഇരിപ്പുറപ്പിച്ചു.
ആരെയും ഉപദ്രവിക്കാതെ ശാന്തനായി ഇരുന്നായിരുന്നു കുരങ്ങന്റെ മെട്രോ യാത്ര. ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റു നോക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഐപി സ്റ്റേഷൻ എത്തിയപ്പോള്‍ കുരങ്ങും ട്രെയിനിൽനിന്ന് പുറത്തിറങ്ങി പോയി.