കേരളത്തിൽ വീരപ്പന്മാരുടെ ഭരണമെന്ന് സുരേന്ദ്രൻ
Sunday, June 13, 2021 12:59 AM IST
ന്യൂഡൽഹി: കേരളത്തിൽ വീരപ്പന്മാരുടെ ഭരണമാണു നടക്കുന്നതെന്നും മരം മുറിച്ചു കടത്തലിൽ സിപിഐയുടെ മൗനം ദുരൂഹമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പ്രകൃതിയെ കൊള്ളയടിക്കുന്ന ഇടതു ഭരണത്തിനെതിരെ 14ന് ഇടുക്കി, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മുട്ടിൽ മരംമുറി പിണറായി സർക്കാരിന്റെ അവസാന കടുംവെട്ടിന്റെ ഉദാഹരണമാണ്. പന്പയിലെ മണൽക്കടത്ത് ഉൾപ്പെടെ പ്രകൃതി സന്പത്ത് വൻതോതിൽ കൊള്ളയടിക്കപ്പെട്ടു. പഴയ വനംമന്ത്രിയും സിപിഐയും മൗനത്തിലാണ്. വനംവകുപ്പ് ഒരക്ഷരം മിണ്ടാതെ എൻസിപിക്ക് വിട്ടുകൊടുത്ത് എന്തിനാണെന്നു കാനം രാജേന്ദ്രൻ പറയട്ടെ. സ്വയം പ്രഖ്യാപിത പരിസ്ഥിതി പ്രവർത്തകനായ ബിനോയി വിശ്വം വായ തുറക്കണം. മുൻ വനം, റവന്യു മന്ത്രിമാരായ രാജുവും ചന്ദ്രശേഖരനും വസ്തുതകൾ വച്ച് മറുപടി പറയാത്തത് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
ഇതേസമയം, നാലു ദിവസം ഡൽഹിയിൽ തങ്ങിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ സുരന്ദ്രേനായില്ല. കേരളത്തിൽ ബിജെപിക്ക് ഉണ്ടായിരുന്ന സീറ്റും മൂന്നു ശതമാനത്തോളം വോട്ടു നഷ്ടപ്പെടുത്തിയതാണ് സുരേന്ദ്രനെ തഴയാൻ ഉന്നത നേതാക്കളെ പ്രേരിപ്പിച്ചത്. ബിജെപിയിലെ ഗ്രൂപ്പുകളിയും സാന്പത്തിക തട്ടിപ്പുകളും കുഴൽപണ റാഞ്ചലും പാർട്ടിക്ക് വലിയ അവമതിപ്പായെന്നും ദേശീയ നേതൃത്വം വിലയിരുത്തി. ഇക്കാര്യത്തിലുള്ള അതൃപ്തി നേരത്തെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ നേരിട്ട് സുരേന്ദ്രനെ അറിയിച്ചിരുന്നു.
പല മണ്ഡലങ്ങളിലും പാർട്ടി നൽകിയ രണ്ടു കോടിയോ, അതിലേറെയോ വരുന്ന ഫണ്ടിൽ പകുതിയിലേറെ ചില ബിജെപി, ആർഎസ്എസ് നേതാക്കൾ ചേർന്നു തട്ടിയെടുത്തതായുള്ള നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുണ്ട്. എന്നാൽ ഇതിേൽ നടപടിയെടുത്താൽ കള്ളപ്പണത്തിന്റെ സ്രോതസ് അടക്കമുള്ള പ്രശ്നങ്ങൾ പാർട്ടിയെ ബാധിക്കുമെന്നതിനാൽ രഹസ്യ അന്വേഷണം മതിയെന്നാണു തീരുമാനം.