കാഷ്മീരിൽ ഭീകരരുടെ ഒളിസങ്കേതം തകർത്തു
Monday, May 10, 2021 12:44 AM IST
ജമ്മു: കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന തകർത്തു. 19 ഗ്രനേഡുകൾ സേന പിടിച്ചെടുത്തു. കരസേനയും പോലീസും സംയുക്തമായി സുരാൻകോട്ട് മേഖലയിലെ ഫാഗ്ലയിൽ നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതം കണ്ടെത്തിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മേഖലയിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി സുരക്ഷാസേന അറിയിച്ചു.
ജമ്മു-പൂഞ്ച് ഹൈവേയിൽ സുരക്ഷാസേനയ്ക്കു നേരേ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നുവെന്ന വിവരത്തെത്തുടർന്ന് രാഷ്ട്രീയ റൈഫിൾസും പോലീസും സംയുക്തമായാണു ഭീകരരെ അന്വേഷിച്ചെത്തിയത്. ഗുഹയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 19 ഗ്രനേഡുകൾ കണ്ടെത്തിയത്. ജമ്മു മേഖലയിൽ രണ്ടാം തവണയാണ് സുരക്ഷാസേന ആയുങ്ങൾ പിടിച്ചെടുത്തത്. ശനിയാഴ്ച ദോദ ജില്ലയിൽ 40 കിലോ സ്ഫോടകവസ്തുക്കൾ തുടങ്ങിയവ സുരക്ഷാസേന പിടികൂടിയിരുന്നു.