ഡൽഹിയിൽ ഒരാഴ്ച ലോക്ക്ഡൗണ്‍
Tuesday, April 20, 2021 12:34 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പത്ത് മുതൽ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് വരെയാണ് ലോക്ക്ഡൗണ്‍. സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഭക്ഷ്യവസ്തുക്കൾ, മരുന്ന് എന്നിവ അടക്കമുള്ള അവശ്യ സേവനങ്ങൾ തുടരാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, അവശ്യ വസ്തുക്കളുടെ വിതരണക്കാർ തുടങ്ങിയവർക്ക് യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കു പോകുന്നതിനും വരുന്നതിനും അനുമതിയുണ്ടെങ്കിലും യാത്രാ പാസുകൾ കൈവശമുണ്ടായിരിക്കണമെന്നു സർക്കാർ ഉത്തരവിൽ പറയുന്നു.
ആരാധനാലയങ്ങൾ തുറക്കാമെങ്കിലും സന്ദർശകരെ പ്രവേശിപ്പിക്കാൻ പാടില്ല. വിവാഹചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും പങ്കെടുപ്പിക്കാം. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും സർക്കാർ ഓഫീസുകളും അവശ്യസേവനങ്ങൾക്കുള്ള ഓഫീസുകളും മാത്രമേ തുറന്നുപ്രവർത്തിക്കാൻ പാടുള്ളുവെന്നും സർക്കാർ അറിയിച്ചു.
ലോക്ക്ഡൗണിന്റെ ദിവസങ്ങളിൽ കൂടുതൽ കിടക്കകൾ തയാറാക്കും. ഓക്സിജൻ, മരുന്നുകൾ തുടങ്ങിയവ ഒരുക്കുന്നതിനും സമയം ഉപയോഗപ്പെടുത്തും. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടിയതിന്റെ പശ്ചാത്തലത്തിലാണു നടപടി.