അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മരിച്ചനിലയിൽ
Saturday, March 6, 2021 1:56 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോയുടെ ഉടമയെ മരിച്ചനിലയിൽ കണ്ടെത്തി. ഹിരെൻ മൻസുഖി(45)നെയാണു താനെയ്ക്കു സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇയാളെ വ്യാഴാഴ്ച രാത്രിക്കുശേഷം കാണാനില്ലായിരുന്നു. ഫെബ്രുവരി 25ന് ആയിരുന്നു അംബാനിയുടെ വീടിനു സമീപം ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച നിലയിൽ സ്കോർപിയോ കണ്ടെത്തിയത്. തന്റെ വാഹനം ഫെബ്രുവരി 18നു മോഷ്ടിക്കപ്പെട്ടുവെന്നു മൻസുഖ് പോലീസിൽ പരാതി നല്കിയിരുന്നു. വാഹനങ്ങളുടെ സ്പെയർ പാർട്സ് ബിസിനസ് നടത്തുന്നയാളാണ് മൻസുഖ്.
അതേസമയം, വാഹനത്തിന്റെ യഥാർഥ ഉടമ മൻസുഖ് അല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. വാഹനത്തിന്റെ ഇന്റിരിയർ ജോലികൾക്കായി വാഹനം മൻസുഖിനെ ഏൽപ്പിച്ചിരുന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.