"ജലസംരക്ഷണം ഉറപ്പാക്കണം' മൻകീ ബാത്തിൽ പ്രധാനമന്ത്രി
Monday, March 1, 2021 12:49 AM IST
ന്യൂഡൽഹി: വേനൽകാലം മുന്നിൽക്കണ്ട് ജലസംരക്ഷണം ഉറപ്പുവരുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ജലശക്തി മന്ത്രാലയം കുറച്ചു ദിവസങ്ങൾക്കകം ജലശക്തിയജ്ഞം ക്യാച്ച് ദ റെയിൻ ആരംഭിക്കാൻ തുടങ്ങുകയാണ്. ഈ യജ്ഞത്തിന്റെ മൂലമന്ത്രമാണ് -"ക്യാച്ച് ദ റെയിൻ, വേർ ഇറ്റ് ഫാൾസ്, വെൻ ഇറ്റ് ഫാൾസ്'. നേരത്തെയുള്ള മഴവെള്ള സംഭരണ സംവിധാനത്തെ ശക്തിപ്പെടുത്താം. ഗ്രാമങ്ങളിലെ കുളങ്ങളെയും മറ്റു ജലസ്രോതസുകളെയും വൃത്തിയാക്കാം. ജലസ്രോതസുവരെയെത്തുന്ന വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നതിനെയെല്ലാം ഇല്ലാതാക്കാം. എന്നാൽ, കൂടുതൽ കൂടുതൽ മഴവെള്ളം സംഭരിക്കാൻ നമുക്കു കഴിയുമെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ മോദി പറഞ്ഞു.
പ്രധാനമന്ത്രി വരെയായിട്ടും തന്റെ ഏറ്റവും വലിയ കുറവ് തമിഴ് ഭാഷ പഠിക്കാൻ കഴിയാത്തതാണെന്നും മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല. ഞാൻ തമിഴ് പഠിച്ചിട്ടില്ല. അത് ലോകത്തിനു മുഴുവൻ പ്രിയമായതും സുന്ദരവുമായ ഒരു ഭാഷയാണ്. അനേകം ആളുകൾ തമിഴ് സാഹിത്യത്തിന്റെ ഗുണത്തെക്കുറിച്ചും അതിലെ കവിതകളുടെ ഗഹനതയെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
മാർച്ച് മാസം സാന്പത്തിക വർഷത്തിലെ അവസാന മാസമാണ്. അതുകൊണ്ടു തന്നെ നിങ്ങളിൽ അധികം പേരും നല്ല തിരക്കിലായിരിക്കും. എന്നാൽ, ഇതിനിടെ കൊറോണയുടെ കാര്യത്തിലുള്ള ജാഗ്രത കുറയാൻ പാടില്ല. നിങ്ങളെല്ലാം ആരോഗ്യത്തോടെയും സന്തോഷത്തോടെയും കർത്തവ്യപഥത്തിൽ ഉറച്ചു നിന്നാൽ ചെയ്യുകയാണെങ്കിൽ നമ്മുടെ രാജ്യം ദ്രുതഗതിയിൽ മുന്നോട്ടു പോകുമെന്നും മോദി പറഞ്ഞു.