ദിഷ രവിക്കു ജാമ്യം
Tuesday, February 23, 2021 11:56 PM IST
ന്യൂഡൽഹി: വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം ലഭിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകളിൽ ഒരു ഇരുപത്തിരണ്ടു വയസുള്ള യുവതിക്ക് ജാമ്യം നൽകാതെ കസ്റ്റഡിയിൽ വയ്ക്കാൻ മാത്രം മതിയായ കാരണങ്ങളൊന്നുമില്ലെന്നു ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ വിധിയിൽ ചൂണ്ടിക്കാട്ടി. മാത്രമല്ല, ദിഷയ്ക്ക് മുന്പ് മറ്റൊരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലങ്ങളുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തത്തുല്യമായ രണ്ട് ആൾജാമ്യവും എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഒരു ലക്ഷം രൂപ ദിഷയുടെ കുടുംബത്തിന് താങ്ങാനാകാത്ത തുകയാണെന്നും ജാമ്യത്തുക അൻപതിനായിരം ആക്കി ചുരുക്കണമെന്നുമുള്ള അഭിഭാഷകന്റെ വാദം കോടതി സ്വീകരിച്ചില്ല.