ഷോപ്പിയാൻ വ്യാജ ഏറ്റുമുട്ടൽ: കരസേനാ ക്യാപ്റ്റൻ കൃത്രിമ തെളിവുകളുണ്ടാക്കാൻ ശ്രമിച്ചു
Monday, January 25, 2021 12:21 AM IST
ശ്രീനഗർ: ഷോപ്പിയാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളായ കരസേനാ ക്യാപ്റ്റൻ ഭൂപേന്ദ്രസിംഗും കൂട്ടാളികളായ തബീഷ് നസീർ, ബിലാൽ അഹമ്മദ് ലോൺ എന്നിവരും കൃത്രിമമായി തെളിവുകളുണ്ടാക്കാൻ ശ്രമിച്ചതായി ജമ്മു കാഷ്മീർ പോലീസിലെ പ്രത്യേക അന്വേഷണ സംഘം ഷോപ്പിയാൻ ജുഡീഷൽ മജിസ്ട്രേട്ടിനു മുന്പാകെ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഏറ്റുമുട്ടൽ നടന്നുവെന്നു വരുത്തിത്തീർത്ത സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്കുകളുടെ ഉറവിടം വ്യക്തമാക്കാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ല. കണ്ടെടുത്ത ആയുധങ്ങൾ സംബന്ധിച്ചു തെറ്റായ വിവരങ്ങളാണു ക്യാപ്റ്റൻ മേലധികാരികൾക്കു നല്കിയത്.
2020 ജൂലൈ 18നാണ് ഭീകരരെന്നു മുദ്രകുത്തി മൂന്നു ചെറുപ്പക്കാരെ വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ടവർ നിരപരാധികളാണെന്ന സംശയത്തത്തുടർന്ന് കരസേന കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിരുന്നു.
സൈന്യം നല്കുന്ന 20 ലക്ഷം രൂപാ പാരിതോഷികം സ്വന്തമാക്കാനായിരുന്നു ക്യാപ്റ്റൻ കുറ്റകൃത്യത്തിനു മുതിർന്നതെന്നു കുറ്റപത്രത്തിൽ ആരോപിക്കുന്നു. ബാലിസ്റ്റിക്, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
അതേസമയം. പാരിതോഷികത്തിനു വേണ്ടി വ്യാജ ഏറ്റുമുട്ടൽ നടത്തിയെന്ന ആരോപണം കരസേന നിഷേധിച്ചു. ജോലിയുടെ ഭാഗമായുള്ള ഏറ്റുമുട്ടലുകൾക്ക് പാരിതോഷികം നല്കുന്ന പതിവ് സേനയിലില്ലെന്നു വ്യക്തമാക്കി.