"അമ്മ പറഞ്ഞാൽ മോദി കേൾക്കും' പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് കർഷകന്റെ കത്ത്
Sunday, January 24, 2021 12:12 AM IST
ന്യൂഡൽഹി: കർഷക സമരം രണ്ടു മാസം പിന്നിടുന്ന സാഹചര്യത്തിൽ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് പഞ്ചാബ് കർഷകന്റെ വികാരനിർഭരമായ കത്ത്. കർഷക കരിനിയമങ്ങൾ പിൻവലിക്കാൻ സഹായം തേടിയാണ് കത്തെഴുതിയിരിക്കുന്നത്.
അമ്മ പറഞ്ഞാൽ മകനായ പ്രധാനമന്ത്രി അനുസരിക്കുമെന്നും കർഷകരെ രക്ഷിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഫിറോസ്പൂരിൽനിന്നുള്ള ഹർപ്രീത് സിംഗ് എന്ന കർഷകനാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് കത്തെഴുതിയത്. കർഷകർക്ക് അനുകൂലമായി ഷിംലയിൽ സമരം ചെയ്യുന്പോൾ ഇദ്ദേഹത്തെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ ദൈവത്തെപ്പോലെ കരുതുന്ന ഒരു ഇന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്നു ഹർപ്രീത് സിംഗ് കത്തിൽ പറയുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിക്ക് കർഷകരെ അവഗണിക്കാനായേക്കും. എന്നാൽ, അമ്മ പറഞ്ഞാൽ അദ്ദേഹത്തിന് അത് അനുസരിക്കാതിരിക്കാനാവില്ല. താങ്കൾ പറഞ്ഞാൽ കാർഷിക നിയമം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് ഇല്ല എന്നു പറയാനാവില്ല.
ഡൽഹിയിലെ തണുപ്പിൽ തണുത്തുവിറച്ച് സമരം ചെയ്യുന്ന ആയിരക്കണക്കിന് കർഷകരെ സഹായിക്കാനാവുമെന്നു ഹർപ്രീത് സിംഗ് കത്തിൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.