അർണബിനെതിരേ അന്വേഷണം വേണം: ശശി തരൂർ
Tuesday, January 19, 2021 12:40 AM IST
ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരേ അന്വേഷണം വേണമെന്ന് ശശി തരൂർ എംപി. അർണബും ബാർക് മുൻ സിഇഒ പാർഥോദാസ് ഗുപ്തയും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ പുറത്തായതിൽ പുൽവാമ ഭീകരാക്രമണവും ബാലാക്കോട്ട് ആക്രമണവും ഉൾപ്പെടെയുള്ള വിഷയങ്ങളുള്ളത് ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ പ്രതികരണവുമായി രംഗത്തെത്തിയത്.
രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ എംപി, ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ടി വരുമോയെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചോദിക്കുന്നു.
പുൽവാമ ഭീകരാക്രമണത്തെ കുറിച്ചും അതിനു തിരിച്ചടി നൽകാൻ പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുന്നതിനെ കുറിച്ചും അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്നു സൂചിപ്പിക്കുന്ന വാട്സാപ് ചാറ്റുകളാണ് പുറത്തുവന്നത്.
ഇത്തരം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ഒരു സ്വകാര്യ ചാനലിനു വാണിജ്യപരമായ കാര്യമാകുന്നതെങ്ങനെയെന്നു ശശി തരൂർ ചോദിക്കുന്നു. അർണബ് ഗോസ്വാമിക്കെതിരേ പാർലമെന്ററി സമിതി അടക്കമുള്ളവർ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയും എൻസിപിയും രംഗത്തെത്തിയിട്ടുണ്ട്.