ബംഗാളിൽ കോൺഗ്രസും ഇടതു പാർട്ടികളും സീറ്റ് ചർച്ച നടത്തി
Monday, January 18, 2021 12:31 AM IST
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമബംഗാളിൽ കോൺഗ്രസും ഇടതു പാർട്ടികളും സീറ്റ് ചർച്ച നടത്തി. ചർച്ച ഫലവത്തായിരുന്നുവെന്നും ഈ മാസം അവസാനത്തോടെ സീറ്റ് വിഭജനത്തിൽ തീരുമാനമുണ്ടാകുമെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ഇരു പാർട്ടികളും കൂടുതൽ ചർച്ചകൾ നടത്തി അന്തിമതീരുമാനത്തിലെത്തുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. പ്രമുഖ സിപിഎം നേതാവ് സൂര്യകാന്ത മിശ്ര, കോൺഗ്രസ് നേതാവ് അബ്ദുൾ മന്നൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കോൽക്കത്തയിൽ ഇരു പാർട്ടികളും സംയുക്തമായി മെഗാ റാലി നടത്താൻ തീരുമാനമായിട്ടുണ്ട്.
2016ൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിൽ സീറ്റ് ധാരണയുണ്ടായിരുന്നു. 294 അംഗ നിയമസഭയിൽ കോൺഗ്രസും ഇടതും ചേർന്ന് 76 സീറ്റിൽ വിജയിച്ചു. കോൺഗ്രസിനു മാത്രം 44 സീറ്റ് ലഭിച്ചു.