വിജയ്കുമാർ സിൻഹ ബിഹാർ സ്പീക്കർ
Wednesday, November 25, 2020 11:08 PM IST
പാറ്റ്ന: ബിജെപിയിലെ വിജയ്കുമാർ സിൻഹ ബിഹാർ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സ്ഥാനാർഥിയായ സിൻഹയ്ക്ക് 126 വോട്ടും മഹാസഖ്യം സ്ഥാനാർഥിയായ അവധ് ബിഹാരി ചൗധരി(ആർജെഡി)ക്ക് 114 വോട്ടും കിട്ടി. രഹസ്യബാലറ്റ് വഴി സ്പീക്കറെ തെരഞ്ഞെടുക്കണമെന്ന പ്രതിപക്ഷ ആവശ്യം പ്രോടെം സ്പീക്കർ ജീതൻ റാം മാൻജി അനുവദിച്ചില്ല. ലഖിസരായ് മണ്ഡലത്തിൽനിന്നാണു വിജയ്കുമാർ സിൻഹ തെരഞ്ഞെടുക്കപ്പെട്ടത്.
മുൻ നിയമസഭയിൽ സ്പീക്കർസ്ഥാനം ജെഡി-യുവിനായിരുന്നു. ഇത്തവണ ജെഡി-യുവിന്റെ സീറ്റ് കുറഞ്ഞതുമൂലം സ്പീക്കർസ്ഥാനം ബിജെപി ഏറ്റെടുക്കുകയായിരുന്നു. 110 സീറ്റുകളിൽ മത്സരിച്ച ബിജെപി 74 സീറ്റിൽ വിജയിച്ചപ്പോൾ 115 സീറ്റുകളിൽ മത്സരിച്ച ജെഡി-യുവിന് 43 സീറ്റുകളിലാണു വിജയിക്കാനായത്. മുഖ്യമന്ത്രിസ്ഥാനം നിതീഷ്കുമാർ നിലനിർത്തിയെങ്കിലും ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെയും പ്രമുഖ വകുപ്പുകളും ലഭിച്ചു.