"ലൗ ജിഹാദി'നെതിരേ യുപിയിൽ ഓർഡിനൻസ്
Tuesday, November 24, 2020 11:31 PM IST
ലക്നോ: ലൗ ജിഹാദിനെതിരേ യുപി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഓർഡിനൻസ് എന്നു യുപി സർക്കാർ പറഞ്ഞു.
നിയമം ലംഘിക്കുന്നവർക്കു പത്തു വർഷം വരെ തടവ് ശിപാർശ ചെയ്യുന്നതാണിത്. ലൗ ജിഹാദിനെതിരെ കർക്കശ നിയമം കൊണ്ടുവരാൻ ബിജെപി ഭരിക്കുന്ന യുപി, ഹരിയാന, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തീരുമാനമെടുത്തിരുന്നു.
നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷയും 15,000 രൂപ പിഴയും ലഭിക്കുമെന്നു യുപി സർക്കാർ വക്താവ് സിദ്ധാർഥ് നാഥ് സിംഗ് പറഞ്ഞു. സ്ത്രീ പ്രായപൂർത്തിയാകാത്ത ആളോ പട്ടികജാതി/പട്ടികവർഗക്കാരിയോ ആണെങ്കിൽ തടവുശിക്ഷ മൂന്നു വർഷം മുതൽ 10 വർഷം വരെയാകും. പിഴ 25,000 ആകും. കൂട്ട മതംമാറ്റമാണെങ്കിൽ മൂന്നു വർഷം മുതൽ പത്തു വർഷം വരെ തടവും 50,000 പിഴയും ശിക്ഷ ലഭിക്കും.