അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികന്റെ കൈയിൽ പെൻഡ്രൈവും കാമറയും
Saturday, October 24, 2020 1:02 AM IST
ന്യൂഡൽഹി: അതിർത്തി കടന്ന് ഇന്ത്യയിലേക്കു വന്ന ചൈനീസ് സൈനികന്റെ പക്കൽനിന്നു പെൻഡ്രൈവും കാമറയും സ്ലീപ്പിംഗ് ബാഗും കണ്ടെടുത്തിരുന്നുവെന്ന് റിപ്പോർട്ട്.
ഒഴിഞ്ഞ പെൻഡ്രൈവാണ് ഇയാളിൽനിന്നു കണ്ടെടുത്തത്. അതിർത്തിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടെയാണ് കിഴക്കൻ ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കോർപറൽ വാംഗ് യാ ലോംഗ് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായത്. വിശദമായ ചോദ്യംചെയ്യലിനുശേഷം കഴിഞ്ഞ ദിവസം ഇയാളെ ചൈനയ്ക്കു കൈമാറിയിരുന്നു.
കൈമാറുന്നതിനു മുൻപായി ഇയാളെ വിവിധ ഇന്റലിജൻസ് ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇയാളിൽനിന്ന് ഒഴിഞ്ഞ പെൻഡ്രൈവും കാമറയും ഉൾപ്പടെയുള്ള ഉപകരണങ്ങൾ കണ്ടെടുത്ത വിവരം പുറത്തു വരുന്നത്.
കാണാതായ തന്റെ യാക്കിനെ തേടി നടന്നപ്പോൾ അബദ്ധത്തിൽ അതിർത്തി കടന്നു പോയതാണെന്നായിരുന്നു ഇയാൾ ഇന്ത്യൻ സൈന്യത്തിനു നൽകിയ വിശദീകരണം.
എന്നാൽ, സൈനിക തിരിച്ചറിയൽ കാർഡും സ്ലീപ്പിംഗ് ബാഗ് ഉൾപ്പെടെയുള്ള സാമഗ്രികളും കണ്ടെത്തി എന്ന വിവരം ചാരവൃത്തിയിലേക്കുള്ള സാധ്യതകളിലേക്കാണു വിരൽ ചൂണ്ടുന്നത്.