മതമൗലികവാദത്തിന്റെ ഉറവിടം മുസ്ലിംകളുടെ സ്ഥാപനങ്ങളിലും മദ്രസകളിലുമെന്നു ബിജെപി മന്ത്രി
Thursday, October 22, 2020 12:15 AM IST
ന്യൂഡൽഹി: മുസ്ലിംകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മദ്രസകളിലുമാണു ഭീകരവാദവും മതമൗലികവാദവും നട്ടുമുളപ്പിക്കുന്നതെന്നു ബിജെപി മന്ത്രി. മധ്യപ്രദേശിലെ സാംസ്കാരിക, ടൂറിസം മന്ത്രിയായ ഉഷ ഠാക്കൂറാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്.
മദ്രസകൾക്കു നൽകുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ തത്സ്ഥിതി കണക്കുകൾ ആവശ്യപ്പെട്ട മന്ത്രി, ഇത്തരം സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ സംസ്ഥാനം നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു. മതമൗലികവാദികളെയും ഭീകരവാദികളെയും സൃഷ്ടിക്കുന്നത് മദ്രസകളിലാണ്. ജമ്മു കാഷ്മീർ ഇപ്പോൾ ഭീകരവാദികളുടെ ഫാക്ടറികളായി മാറിയെന്നും അവർ ആരോപിച്ചു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ രംഗത്തെത്തിയ കോണ്ഗ്രസ്, ഇത്തരം ആരോപണങ്ങൾക്ക് എന്തെങ്കിലും തെളിവുകൾ അടിസ്ഥാനമായുണ്ടെങ്കിൽ നടപടിയെടുത്തു കാണിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ആദിവാസികൾ രാജ്യദ്രോഹികളാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അതുകഴിഞ്ഞ് മാപ്പു പറഞ്ഞു. ഇപ്പോൾ മദ്രസകൾക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും കോണ്ഗ്രസ് നേതാവ് സജ്ജൻ സിംഗ് വർമ ആരോപിച്ചു.