സുദർശൻ ടിവിക്ക് കാരണം കാണിക്കൽ നോട്ടീസ്
Thursday, September 24, 2020 12:38 AM IST
ന്യൂഡൽഹി: സിവിൽ സർവീസിലേക്കു മുസ്ലിംകൾ കൂടുതലായി നുഴഞ്ഞുകയറുന്നെന്ന് ആരോപിച്ച് പരിപാടി നടത്തുന്ന സുദർശൻ ടിവിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ. ചട്ടങ്ങൾ ലംഘിച്ചാണ് പരിപാടി നടത്തുന്നതെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയതെന്നു കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
സെപ്റ്റംബർ 28നു മുന്പ് നോട്ടീസിനു മറുപടി നൽകണം. മറുപടി തന്നില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും തുഷാർ മേത്ത വിശദമാക്കി. എന്നാൽ, കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ പരിപാടി പൂർണമായും സംപ്രേഷണം ചെയ്യുമായിരുന്നില്ലേയെന്നു ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. വിശദീകരണം ലഭിച്ച ശേഷം ഒക്ടോബർ അഞ്ചിനു കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.