കാർഷിക ബില്ലുകൾ: പാർലമെന്റ് ബഹിഷ്കരിച്ച് പ്രതിപക്ഷ യുദ്ധം
Wednesday, September 23, 2020 12:07 AM IST
ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ ബഹളമുയർത്തിയ എംപിമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച മുതലുള്ള രാജ്യസഭാ സമ്മേളനം ബഹിഷ്കരിച്ചു. കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ ലോക്സഭയിൽനിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിഷേധങ്ങളിലും അനുബന്ധ വിഷയങ്ങളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മൗനത്തെ കോണ്ഗ്രസ് അപലപിച്ചു. പ്രതിപക്ഷ എംപിമാർ കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചെങ്കിലും രാഷ്ട്രപതിഭവനിൽനിന്ന് അനുമതി ലഭിച്ചില്ലെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
വർഷകാല സമ്മേളനം ബഹിഷ്കരിക്കുന്നതായി രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനു പിന്നാലെ വിവാദ കാർഷിക ബില്ലുകളിൽ മൂന്നാമത്തേതായ അവശ്യസാധന നിയമ ഭേദഗതി ബില്ലും സർക്കാർ പാസാക്കി.