എംപിമാരുടെ സസ്പെൻഷനെതിരേ രൂക്ഷവിമർശനം
Tuesday, September 22, 2020 12:34 AM IST
ന്യൂഡൽഹി: പാർലമെന്റിൽനിന്നു സസ്പെന്‍ഡ് ചെയ്തതുകൊണ്ട് തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടന്ന് എളമരം കരീം പ്രതികരിച്ചു. കർഷകരോടൊപ്പം പോരാട്ടത്തിൽ ഉറച്ചുനിൽക്കും. എംപിമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ ബിജെപിയുടെ ഭീകരമുഖമാണ് വെളിപ്പെട്ടിരിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ശ്രമങ്ങളിലൂടെ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങൾ ജനങ്ങൾ നോക്കിക്കാണുന്നുണ്ടെന്നും എംപി പ്രതികരിച്ചു.
രാജ്യത്ത് ജനാധിപത്യത്തെ നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ആദ്യം നിശബ്ദമാക്കുകയും എംപിമാരെ പാർലമെന്റിൽനിന്ന് സസ്പെന്‍ഡ് ചെയ്യുകയും കർഷകരുടെ ആശങ്കകൾക്കുനേരേ കണ്ണടയ്ക്കുകയുമാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കർഷകർക്കുവേണ്ടി പാർലമെന്റിൽ ശബ്ദമുയർത്തുന്നത് പാപമാണോ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല ചോദിച്ചത്.
കർഷകർക്കുവേണ്ടി പ്രതിഷേധമുയർത്തിയ എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തതിലൂടെ സർക്കാരിന്റെ ഏകാധിപത്യ സ്വഭാവമാണ് വെളിപ്പെട്ടതെന്ന് മമത ബാനർജി പറഞ്ഞു.
കാർഷിക ബില്ലുകൾ പാസാക്കിയതിലൂടെ ജനാധിപത്യ പാരന്പര്യം നശിപ്പിച്ചു. കരാർ കൃഷി നിയമപരമാക്കുകയും അദാനിക്കും അംബാനിക്കും നേട്ടമുണ്ടാക്കുകയുമാണ് ചെയ്തത്. കോടിക്കണക്കിനു കർഷകർക്ക് വിലപേശാനുള്ള അവസരം നഷ്ടമായെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.