നിസാമുദീൻ സമ്മേളനം കോവിഡ് പടരാൻ കാരണമായെന്നു കേന്ദ്രം
Tuesday, September 22, 2020 12:34 AM IST
ന്യൂഡൽഹി: ഡൽഹി നിസാമുദീനിൽ നടന്ന തബ്ലിഗ് ജമാ അത്തിന്റെ സമ്മേളനം വൻ തോതിൽ കോവിഡ് പടരാൻ കാരണമായെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹി പോലീസിന്റെ കോവിഡ് മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ അടച്ചിട്ട ഹാളിൽ സാമൂഹിക അകലം പാലിക്കാതെ സമ്മേളനം നടത്തിയത് കൂടുതൽ പേരിലേക്ക് രോഗം പടരുന്നതിന് ഇടയാക്കിയെന്നും ഇതു സംബന്ധിച്ച ചോദ്യത്തിനു നൽകിയ മറുപടിയിൽ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. നിസാമുദീനിലെ സമ്മേളനത്തിനുശേഷം പരിശോധന നടത്തിയപ്പോൾ സ്വദേശികളും വിദേശികളുമായി നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 29ന് 2361 പേരെ സമ്മേളനസ്ഥലത്തുനിന്നൊഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 233 പേരെ അറസ്റ്റ് ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്ത 956 വിദേശികൾക്കെതിരേയും കേസെടുത്തുവെന്നും ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി.