അനിൽ അംബാനിക്കെതിരായ പാപ്പരത്ത നടപടികൾ: ഹർജി തള്ളി
Friday, September 18, 2020 12:06 AM IST
ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരായ പാപ്പരത്ത നടപടികൾ സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സ്റ്റേ നീക്കുന്ന കാര്യത്തിൽ ഹൈക്കോടതിയെത്തന്നെ സമീപിക്കാമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, കേസ് വീണ്ടും ഒക്ടോബർ ആറിനു പരിഗണിക്കണമെന്നും നിർദേശിച്ചു.
എസ്ബിഐയിൽനിന്നു വായ്പയെടുത്ത 1200 കോടി രൂപ തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കിടെ കഴിഞ്ഞ മാസം അവസാനമാണ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. ആർകോം, റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് 2016ൽ അനുവദിച്ച വായ്പകൾക്ക് അനിൽ അംബാനി വ്യക്തിഗത ഗാരണ്ടി നൽകിയിരുന്നു.