ഇന്ത്യ-ചൈന അതിർത്തിയിൽ വൻ വെടിവയ്പുണ്ടായി
Thursday, September 17, 2020 12:25 AM IST
ന്യൂഡൽഹി: സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ വൻതോതിൽ വെടിയുതിർത്തു. പാങ്ങോംഗ് തടാകത്തിന്റെ വടക്കൻ മേഖലയിൽ ഫിംഗർ പോയിന്റ് മൂന്ന്, നാല് മേഖലകളിലാണ് ഇരുപക്ഷത്തെയും സൈനികർ പരസ്പരം മുന്നറിയിപ്പു നൽകി നൂറു മുതൽ ഇരുന്നൂറു റൗണ്ട് വരെ ആകാശത്തേക്ക് വെടിയുതിർത്തത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും മോസ്കോയിൽ കൂടിക്കാഴ്ച നടത്തി അഞ്ചിന ധാരണയിൽ എത്തുന്നതിന് തൊട്ടു മുൻപായിരുന്നു അതിർത്തിയിൽ വലിയ വെടിവയ്പ്. പത്തു ദിവസത്തിനുള്ളിൽ നാലു തവണ അതിർത്തി പ്രദേശങ്ങളിൽ വെടിവയ്പുണ്ടായെന്നാണു വിവരം.
നിയന്ത്രണരേഖയോടു ചേർന്ന് ആറിടങ്ങളിൽ ചൈന വൻതോതിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായും സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നു. ഡെപ്സാംഗ്, ദൗലത് ബെഗ് ഓൾഡി മേഖലകളോടു ചേർന്ന സ്ഥലങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ. ഡെപ്സാംഗിൽ ഇരുപക്ഷത്തെയും സൈനികർ സർവസന്നാഹങ്ങളോടെ മുഖാമുഖം നിൽക്കുകയാണ്.
സെപ്റ്റംബർ ഏഴിന് ചുഷൂൾ സബ്സെക്ടറിലെ മുഖ്പാരി മലനിരകളിൽ ചൈനീസ് സൈന്യം വെടിയുതിർത്ത വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇതൊരു ചെറിയ സംഭവം മാത്രമാണെന്നാണ് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. പക്ഷേ, പാങ്ങോംഗ് തടാകത്തിന്റെ വടക്കൻ മേഖലയിൽ നടന്ന വെടിവയ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തേക്കെത്തിയതുമില്ല. ഇരുപക്ഷത്തെയും കോർ കമാൻഡർമാരുടെ കൂടിക്കാഴ്ച നടക്കാനിരിക്കുന്നതേയുള്ളൂ. ബ്രിഗേഡിയർ തലത്തിൽ നടന്ന ചർച്ചകളിൽ കാര്യമായി ധാരണകളൊന്നും തന്നെയുണ്ടായിട്ടുമില്ല.
സെബി മാത്യു