രേഖകൾ കാണാതായി; മല്യയുടെ കേസ് മാറ്റിവച്ചു
Thursday, August 6, 2020 11:55 PM IST
ന്യൂഡൽഹി: ബാങ്ക് വായ്പയെടുത്തു രാജ്യംവിട്ട വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസിലെ പുനഃപരിശോധന ഹർജി പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ കാണാതായെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഓഗസ്റ്റ് 20നു കേസ് വീണ്ടും പരിഗണിക്കും.
എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾക്ക് 9,000 കോടി വായ്പ കുടിശിക നൽക്കാത്ത വിഷയത്തിൽ വിജയ് മല്യക്കെതിരേ 2017 ജൂലൈ നാലിനു സുപ്രീംകോടതി കോടതിയലക്ഷ്യത്തിനു കേസെടുത്തിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്യ നൽകിയ ഹർജി മൂന്നു വർഷമായി ലിസ്റ്റ് ചെയ്യാറില്ലെന്നു കഴിഞ്ഞ മാസം സുപ്രീംകോടതി കണ്ടെത്തുകയും രജിസ്ട്രിയോടു വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് പരിഗണിക്കുകയും കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽനിന്നു കാണാതാവുകയും ചെയ്തത്.