നേപ്പാളിൽനിന്നു വെള്ളം തുറന്നുവിട്ടു; യുപിയിലെ 61 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം
Monday, August 3, 2020 12:17 AM IST
ബഹ്റായിച്ച്/ലക്നോ: നേപ്പാളിൽനിന്നു വെള്ളം തുറന്നുവിട്ടതോടെ ഉത്തർപ്രദേശിലെ ബഹ്റായിച്ച് ജില്ലയിലെ 61 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം.
ഒന്നര ലക്ഷംആളുകൾ വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിക്കുകയാണ്. 171 വീടുകൾ തകർന്നുവെന്നും ബഹ്റായിച്ച് ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനായി എൻഡിആർഎഫ് സംഘാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ശാരദ, ഗിരിജാപുരി, സരയൂ ബാരേജുകൾ വഴി 3.15 ലക്ഷം ഘനയടി ജലമാണു നദികളിലേക്കു നേപ്പാൾ തുറന്നുവിട്ടിരിക്കുന്നത്.
ഈ മേഖലയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ഏഴു ഗ്രാമങ്ങളിലാണ് ഏറ്റവും മോശം സാഹചര്യമുള്ളത്. രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ പ്രൊവിൻഷൽ ആംഡ് കോൺസ്റ്റാബുലറി(പിഎസി) സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇവർക്കൊപ്പം വെറ്ററിനറി സംഘമടക്കം 48 മെഡിക്കൽ സംഘങ്ങളുമുണ്ട്.
യുപിയിലെ 14 ജില്ലകളിലെ 455 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിരുന്നു. ബാരാബങ്കി, അയോധ്യ, കുശിനഗർ, ഗൊരഖ്പുർ, ലഖിംപുർ ഖേരി, ബഹ്റായിച്ച്, അസംഗഡ്, ഗോണ്ട, ബസ്തി, മാവു, സന്ത് കബീർ നഗർ, സീതാപുർ, സിദ്ധാർഥ്നഗർ, ബൽറാംപുർ എന്നിവയാണു വെള്ളപ്പൊക്കം ബാധിച്ച ജില്ലകൾ.