വിദേശഭാഷകളുടെ പട്ടികയിൽ നിന്ന് ചൈനീസ് ഭാഷയെ ഒഴിവാക്കി
Monday, August 3, 2020 12:16 AM IST
ന്യൂഡൽഹി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിൽ വിദേശഭാഷകളുടെ പട്ടികയിൽ നിന്ന് ചൈനീസ് ഭാഷയെ കേന്ദ്ര സർക്കാർ ഒഴിവാക്കി. സെക്കൻഡറി സ്കൂൾ തലത്തിലെ വിദ്യാർഥികൾക്ക് ലോക സംസ്കാരത്തെക്കുറിച്ചു മനസിലാക്കാൻ ഇഷ്ടാനുസരണം ഒരു വിദേശഭാഷ തെരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള പട്ടികയിൽ നിന്നാണ് ചൈനീസ് ഭാഷയെ ഒഴിവാക്കിയത്.
കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ ചൈനീസ് ഭാഷ ഉണ്ടായിരുന്നു. എന്നാൽ, നയം പ്രഖ്യാപിച്ചപ്പോൾ ചൈനീസ് ഭാഷ ഒഴിവാക്കപ്പെട്ടു. അതേസമയം ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, കൊറിയൻ, ജാപ്പനീസ്, തായ് തുടങ്ങിയ വിദേശഭാഷകൾ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. ചൈനീസ് ഭാഷ ഒഴിവാക്കിയതിനെ കുറിച്ചു വിശദീകരണമൊന്നും വന്നിട്ടില്ല.
ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിനു ശേഷം ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ചൈനയിൽ നിന്നുള്ള വ്യാപാരത്തിനു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.