ഒരു മാസത്തിനകം സർക്കാർ വസതി ഒഴിയണമെന്ന് പ്രിയങ്കയോട് കേന്ദ്രം
Thursday, July 2, 2020 12:42 AM IST
ന്യൂഡൽഹി: ഓഗസ്റ്റ് ഒന്നിനകം സർക്കാർ വസതി ഒഴിയാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്(എസ്പിജി) സുരക്ഷ പിൻവലിച്ചതാണ് കാരണമായി പറയുന്നത്. ഓഗസ്റ്റ് ഒന്നിനുശേഷവും വസതി ഒഴിഞ്ഞില്ലെങ്കിൽ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നു കേന്ദ്ര നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു സോണിയഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ചത്. സെഡ് പ്ലസ് സുരക്ഷയാണ് മൂവർക്കും നല്കിയിരിക്കുന്നത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവർക്കു സർക്കാർ താമസസൗകര്യം നല്കാൻ വ്യവസ്ഥയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രാലയം അറിയിച്ചു. എസ്പിജി സുരക്ഷയുള്ള വ്യക്തി എന്ന നിലയിൽ 1997 ഫെബ്രുവരി 21നാണ് പ്രിയങ്കഗാന്ധിക്ക് ലോധി റോഡിലെ ബംഗ്ലാവ് അനുവദിച്ചത്.