പൈലറ്റിനു കോവിഡ്; എയർ ഇന്ത്യ വിമാനം തിരിച്ചു പറന്നു
Saturday, May 30, 2020 11:55 PM IST
ന്യൂഡൽഹി: ഡൽഹിയിൽനിന്നു മോസ്കോയിലേക്കു തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. മോസ്കോയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ശനിയാഴ്ച രാവിലെ പുറപ്പെട്ട വിമാനമാണ് ഡൽഹിയിൽ തിരിച്ചിറക്കിയത്. ഉസ്ബക്കിസ്ഥാൻ എയർ സ്പേയ്സിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാളുടെ പരിശോധനാഫലം വരുന്നതും കോവിഡ് സ്ഥിരീകരിച്ചതും.
തുടർന്ന് ഡൽഹിയിലേക്കു തിരിച്ചുവരാൻ ആവശ്യപ്പെടുകയായിരുന്നു. പന്ത്രണ്ടരയോടെ വിമാനം തിരിച്ച് ഡൽഹിയിലെത്തിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മോസ്കോയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ മറ്റൊരു വിമാനം ഉടൻതന്നെ അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു. ഡൽഹി-മോസ്കോ വിമാനത്തിലെ എല്ലാ ജീവനക്കാരെയും ക്വാറന്റൈനിലാക്കി.