ലോക്ക് ഡൗണ്‍ വൻ പരാജയം: രാഹുൽ
Wednesday, May 27, 2020 12:03 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സന്പൂർണ ലോക്ക് ഡൗണ്‍ വൻ പരാജയമാണെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. കോവിഡിനെ 21 ദിവസം കൊണ്ടു പിടിച്ചുകെട്ടാമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിചാരം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസം കഴിഞ്ഞിട്ടും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണെന്നു രാഹുൽ കുറ്റപ്പെടുത്തി.
കോവിഡ് അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇന്ത്യയും പെടുകയാണ്. പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഉപദേശകവൃന്ദമോ ഇതു പ്രതീക്ഷിച്ചതല്ല. ലോക്ക് ഡൗണ്‍ അവസാനിക്കുന്പോൾ ഇന്ത്യയാകും രോഗവ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യമെന്നു രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.
നാലു ലോക്ക് ഡൗണുകളും പരാജയപ്പെട്ട സ്ഥിതിക്ക് ഭാവിതന്ത്രം എന്താണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. രാജ്യത്തെ തൊഴിലാളികളെ സഹായിക്കാൻ എന്തു ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിലപാടെന്തെന്നും രാഹുൽ ചോദിച്ചു.
കേന്ദ്രസർക്കാർ പറയുന്നത് ജിഡിപിയുടെ പത്തു ശതമാനം പാക്കേജായി നൽകുമെന്നാണ്. എന്നാൽ, ഒരു ശതമാനം മാത്രമേ ലഭിക്കൂ എന്നതാണ് സത്യം. കോവിഡിനെ പ്രതിരോധിക്കുന്നത് സംസ്ഥാന സർക്കാരുകളാണ്. കോണ്‍ഗ്രസിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടയാൻ ശ്രമം നടക്കുന്നതായും രാഹുൽഗാന്ധി പറഞ്ഞു.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. അവരുടെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. വിശ്വാസംതന്നെ നഷ്ടപ്പെട്ടു എന്നാണവർ പറയുന്നത്. അവരുടെ അക്കൗണ്ടുകളിൽ പ്രതിമാസം 7500 രൂപ ലഭ്യമാക്കണമെന്നും രാഹുൽ പറഞ്ഞു.