ആഭ്യന്തര വിമാനങ്ങൾ ആദ്യദിനംതന്നെ അലങ്കോലം
Tuesday, May 26, 2020 12:32 AM IST
ന്യൂഡൽഹി: ലോക്ക് ഡൗണിൽ നിർത്തിവച്ച ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ച ദിവസംതന്നെ അലങ്കോലമായി. വിവിധ സംസ്ഥാനങ്ങൾ അനുമതി നിഷേധിച്ചതോടെ ഡൽഹി, മുംബൈ ഉൾപ്പെടെ നിരവധി നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കേണ്ടിവന്നു.
ഡൽഹിയിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 82 ആഭ്യന്തര വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. എന്നാൽ, വിമാനം റദ്ദാക്കുന്നതിന്റെ അവസാന നിമിഷം പോലും തങ്ങൾക്ക് അറിയിപ്പു ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർ ബഹളമുണ്ടാക്കി. ഡൽഹിയിൽനിന്നു പുറപ്പെടാൻ 125 വിമാനങ്ങളും എത്തിച്ചേരാൻ 118 വിമാനങ്ങളുമാണ് ഇന്നലെ ഷെഡ്യൂൾ ചെയ്തിരുന്നത്.
ഡൽഹിയിൽനിന്നു പൂനയ്ക്കും മുംബൈയിൽനിന്നു പാറ്റ്നയ്ക്കുമാണ് ഇന്നലെ ആദ്യ വിമാനങ്ങൾ പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദായതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു.
സെബി മാത്യു