വൻസാരയ്ക്കു വിരമിച്ച് ഏഴുവർഷത്തിനുശേഷം ഡിജിപി പദവി
Thursday, February 27, 2020 12:12 AM IST
അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് ഉൾപ്പെടെ രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിൽ ആരോപണവിധേയനായിരുന്ന മുൻ ഐപിഎസ് ഓഫീസർ ഡി.ജി. വൻസാരയ്ക്കു വിരമിച്ച് ഏഴുവർഷത്തിനുശേഷം ഡിജിപിയായി സ്ഥാനക്കയറ്റം.
വൻസാരയ്ക്ക് 2007 സെപ്റ്റംബർ 29 മുതൽ മുൻകാല പ്രാബല്യത്തോടെ ഐജിയായി സ്ഥാനക്കയറ്റം നൽകിയെന്നു കാണിച്ച് ഗുജറാത്ത് ആഭ്യന്തരവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പകർപ്പ് വൻസാരയുടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സംസ്ഥാന ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി നിഖിൽ ഭട്ട് വിജ്ഞാപനം സ്ഥിരീകരിക്കുകയും ചെയ്തു.
1987 ബാച്ച് ഐപിഎസ് ഓഫീസറായ വൻസാര ഡെപ്യൂട്ടി ഐജി പദവിയിലിരിക്കെ 2014 മേയ് 31 നാണു വിരമിച്ചത്. ഇസ്രത് ജഹാൻ കേസ്, സൊഹ്റാബുദ്ദിൻ ഏറ്റുമുട്ടൽ കേസ് എന്നിവയിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന വൻസാരയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 2007 മേയിൽ അറസ്റ്റിലായശേഷം ഏഴുവർഷത്തോളം ഇദ്ദേഹം ജയിലിലായിരുന്നു. വ്യാജ ഏറ്റുമുട്ടൽ നടക്കുന്ന സമയത്ത് ഗുജറാത്തിലെ ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു വൻസാര.