അസംഖാനും കുടുംബാംഗങ്ങളും ജുഡീഷൽ കസ്റ്റഡിയിൽ
Thursday, February 27, 2020 12:12 AM IST
ലക്നോ: വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന കേസിൽ സമാജ്്വാദി പാർട്ടി നേതാവും ലോക്സഭാംഗവുമായ അസം ഖാനെയും ഭാര്യയെയും മകനെയും മാർച്ച് രണ്ടുവരെ ജുഡീഷൽ കസ്റ്റഡിയിൽ അയച്ച് കോടതി ഉത്തരവ്. അസംഖാൻ, ഭാര്യ തൻസിൻ ഫാത്തിമ എംഎൽഎ, മകനും എംഎൽഎയുമായ അബ്ദുള്ള അസം എംഎൽഎ എന്നിവരെ ജുഡീഷൽ കസ്റ്റഡിയിൽ അയയ്ക്കാനാണു വിചാരണക്കോടതി ഉത്തരവിട്ടതെന്നു രാംപുർ എസ്പി സന്തോഷ് കുമാർ മിശ്ര അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു അബ്ദുള്ള അസമിന്റെ പേരിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചുവെന്ന കേസിലാണു നടപടി.
സംഭവത്തിനു പിന്നിൽ ബിജെപിയുടെ പ്രതികാര നടപടിയാണെന്നു സമാജ്വാദി പാർട്ടി പരോക്ഷമായി കുറ്റപ്പെടുത്തി. നിയമനടപടികളിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും പാർട്ടിനേതൃത്വം ട്വിറ്ററിൽ പ്രതികരിച്ചു.
എന്നാൽ കോടതി നടപടികളെ ബിജെപി നേതൃത്വം സ്വാഗതം ചെയ്തു. സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമാണ് അസംഖാന്റെ രാഷ്ട്രീയമെന്നും ജുഡീഷൽ കസ്റ്റഡിയിൽവിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ബിജെപി വക്താവ് ചന്ദ്രമോഹൻ പറഞ്ഞു. സംഭവത്തിൽ എസ്പി നേതാവ് അഖിലേഷ് യാദവ് പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.