നാവികസേനയുടെ യുദ്ധവിമാനം ഗോവൻ തീരത്തു തകർന്നുവീണു, പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, February 24, 2020 2:57 AM IST
പനാജി: നാവികസേനയുടെ ഇരട്ട എൻജിനുള്ള മിഗ്-29 കെ ജെറ്റ് വിമാനം ഗോവാ തീരത്ത് അറേബ്യൻ കടലിൽ തകർന്നുവീണു. പൈലറ്റ് സുരക്ഷാ സംവിധാനങ്ങളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 10.30ന് പതിവു പരിശീലനപ്പറക്കലിനിടെയായിരുന്നു സംഭവം. ദക്ഷിണ ഗോവയിലെ വാസ്കോ ഐഎൻഎസ് ഹൻസാ ബേസിൽനിന്നാണു ജെറ്റ് പറന്നുയർന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നാവികസേനാ വക്താവ് ട്വീറ്റ് ചെയ്തു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞവർഷം നവംബർ 16ന് ദക്ഷിണ ഗോവയിലെ വെർണ ഗ്രാമത്തിൽ മിഗ്-29കെ തകർന്നുവീണിരുന്നു. അന്നും പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.