ഉത്തരാഖണ്ഡിൽ മന്ത്രിസഭാ വികസനമെന്നു സൂചന
Sunday, February 23, 2020 12:07 AM IST
ഡെറാഡൂൺ: മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്ന് ഉത്തരാഖണ്ഡിൽ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന് അഭ്യൂഹം. ഒന്നര മണിക്കൂർ നീണ്ട വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയിൽ നഡ്ഡയുമായി മുഖ്യമന്ത്രി റാവത്ത് നിരവധി വിഷയങ്ങൾ ചർച്ച ചെയ്തെന്നും അതിൽ നീണ്ടുപോയ മന്ത്രിസഭാ വികസനവും ഉൾപ്പെടുന്നതായും മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു.
മന്ത്രിസഭാ വികസനത്തിനു പാർട്ടിനേതൃത്വം അനുമതി നൽകിയതായും ഈ മാസം അവസാനത്തോടെ അതുണ്ടാവുമെന്നും അവർ പറഞ്ഞു. 2017ൽ പത്തംഗ മന്ത്രിസഭയാണ് റാവത്തിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.