വന്ധ്യംകരണം; വിവാദസർക്കുലർ മധ്യപ്രദേശ് സർക്കാർ പിൻവലിച്ചു
Saturday, February 22, 2020 12:11 AM IST
ഭോപ്പാൽ: പുരുഷന്മാരെ വന്ധ്യംകരണ ശാസ്ത്രക്രിയയ്ക്കു വിധേയരാക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാരിന്റെ വിവാദ സർക്കുലർ പിൻവലിച്ചു.
മാർച്ച് 31ന് അവസാനിക്കുന്ന സാന്പത്തികവർഷത്തിൽ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയരാക്കാൻ ഓരോ ഹെൽത്ത് വർക്കർമാരും (എംപിഎച്ച്ഡബ്ല്യു) കുറഞ്ഞത് ഒരു പുരുഷനെയെങ്കിലും കണ്ടെത്തണമെന്നായിരുന്നു നിർദേശം. മറിച്ചായാൽ ശന്പളം പിടിച്ചുവയ്ക്കുമെന്നും നിർബന്ധിത പെൻഷൻ നൽകുമെന്നുമായിരുന്നു ദേശീയ ആരോഗ്യ മിഷന്റെ (എൻഎച്ച്എം) സംസ്ഥാനയൂണിറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.
നിർദേശം വിവാദമായതോടെ സർക്കുലർ അടിയന്തരമായി പിൻവലിക്കുകയാണെന്ന് ആരോഗ്യമന്ത്രി തുൾസി ശിലാവത് പ്രഖ്യാപിച്ചു.
സർക്കുലറിലെ ഭാഷ ശരിയായ രീതിയിലല്ലായിരുന്നുവെന്നും മന്ത്രി സമ്മതിച്ചു.